എന്റെ പ്രണയം....,

പ്രണയം      ചിലപ്പോള്‍ മരണംതന്നെയാണ്. ഭൗതികമായ എല്ലാ ആസ്പദങ്ങളില്‍നിന്നുമുള്ള മോചനം. വെട്ടിപ്പിടിച്ചും ചിലപ്പോള്‍ കീഴടങ്ങിയും നിങ്ങളതിനെ സ്വന്തമാക്കാന്‍ ശ്രമിക്കും. കീഴടക്കാന്‍ ആഗ്രഹിക്കും. സ്വയം നഷ്ടപ്പെട്ട് അതിനുമുന്നില്‍ ഇടറിവീഴുകയും സ്വയംമറന്ന് ആഹ്ലാദിക്കുകയും ചെയ്യും. നഷ്ടപ്പെട്ടതിനെയോര്‍ത്ത് കണ്ണീരണിഞ്ഞും കിട്ടിയതിനെച്ചൊല്ലി ആഹ്ലാദിച്ചും നിങ്ങളതിനെ വരിക്കും. യുദ്ധഭൂമിയിലെ പോരാളിയെപ്പോലെ... അറവുശാലയിലെ മൃഗത്തെപ്പോലെ നിങ്ങള്‍ക്ക് അതിനെ എങ്ങനെയും സ്വീകരിക്കാം. വിധിയെ പഴിക്കാം, നിയോഗത്തില്‍ വിശ്വസിക്കാം. അതേ, പ്രണയം ജീവിതംതന്നെയാണ്. ഒരേസമയം ജീവിതം പോലെത്തന്നെ ലളിതവും സങ്കീര്‍ണവുമാണ് പ്രണയത്തിന്റെ വഴികള്‍. ലോകത്ത് ഇന്നോളം എഴുതുകയും ആവിഷ്‌കരിക്കപ്പെടുകയും ചെയ്ത എല്ലാ സൃഷ്ടികളുടെയും ആഴങ്ങളില്‍ പ്രണയം കൊത്തിവെച്ചിട്ടുണ്ട്.


"നീ പ്രണയത്തെ എത്ര തന്നെ ഭയപ്പെട്ടാലും അവസാനം നീ പ്രണയിക്കുക തന്നെ ചെയ്യും.... അത് നിനക്ക് സന്തോഷമാണ് പ്രദാനം ചെയ്യുന്നതെങ്കില്‍, ഒരു മാതാവ് അവളുടെ ശിശുവിനെ എന്നത് പോലെ സസന്തോഷം കൈനീട്ടി വാങ്ങിക്കൊള്‍ക!!!
അല്ല , യാതനയാണ് അതെങ്കില്‍ നിന്‍റെ ജീവിതകാലം മുഴുവന്‍ നിനക്കതു സഹിക്കേണ്ടി വരും....
നിന്‍റെ കമിതാവ് സ്നേഹിക്കപ്പെടാന്‍ അര്‍ഹനാണോ അല്ലയോ എന്ന് നീ ഒരിക്കലും ചിന്തിച്ചു നോക്കാറില്ല...
കടല്‍ത്തീരത്തിലെ മണല്‍ത്തരികള്‍ക്ക് തിരമാലയെ തടഞ്ഞു നിര്‍ത്താന്‍ അസാധ്യമാണെന്നത് പോലെ പ്രണയത്തിനു വേണ്ടി അര്‍പ്പിക്കപ്പെട്ട നിന്‍റെ ഹൃദയത്തെ തടഞ്ഞു നിര്‍ത്തുവാന്‍ നീ അശക്തയാണ്!!!
അതുകൊണ്ട് പ്രണയിച്ചു കൊള്‍ക....."

പൗസ്തോവിസ്കി.........